തിരുവനന്തപുരം: വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് സജി ചെറിയാന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നൽകിയതായി റിപ്പോർട്ട്. മുൻ നിശ്ചയിച്ച പ്രകാരം നാളെ നാലു മണിക്ക് തന്നെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ഭരണഘടനയെ അവഹേളിച്ച് സജി ചെറിയാൻ പ്രസംഗിച്ചെന്ന കേസിലെ വിശദാംശങ്ങൾ പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം ഗവർണർ അറിയിച്ചിരുന്നു.
ചീഫ് സെക്രട്ടറിയും പൊതുഭരണ അഡി.ചീഫ്‌സെക്രട്ടറിയും വിഷയത്തിൽ തീരുമാനം അറിയിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് പലതവണ സമ്മർദ്ദം ചൊലുത്തിയിരുന്നു. പൊതുഭരണ സെക്രട്ടറി പലവട്ടം അഭ്യർത്ഥിച്ചതിനെത്തുടർന്ന് രാജ്ഭവന്റെ ഒരുവശത്ത് ചെറിയ ഷാമിയാന പന്തൽ സജ്ജമാക്കാൻ പൊതുമരാമത്ത് വകുപ്പിന് അനുമതി നൽകിയിട്ടുണ്ട്. പൊലീസ്, ബാൻഡ് അംഗങ്ങൾ, അതിഥികൾക്ക് ചടങ്ങ് കാണാനുള്ള സി.സി.ടി.വി സൗകര്യമൊരുക്കൽ എന്നിവയ്ക്കായാണ് പന്തലിടുന്നത്.
വിഷയത്തിൽ നിയമോപദേശകന്റെ അഭിപ്രായം പരിഗണിക്കുമെന്നും നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണെന്നും കഴിഞ്ഞ ദിവസം ഗവർണർ പറഞ്ഞിരുന്നു. പുനഃപ്രവേശനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അറിയിപ്പ് കിട്ടിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പോലും അംഗീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് സജി ചെറിയാന് രാജി വയ്ക്കേണ്ടി വന്നത്. വിഷയത്തിൽ കഴമ്പ് ഉണ്ടെന്ന് കണ്ടാണ് മുഖ്യമന്ത്രി അന്ന് രാജി ആവശ്യപ്പെട്ടത്. ഈ സാഹചര്യം മാറിയോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിയായുള്ള സജി ചെറിയാന്റെ സത്യപ്രതിജ്ഞ തടയാനാകില്ലെന്നാണ് രാജ്ഭവന്റെ സ്റ്റാൻഡിംഗ് കോൺസൽ കഴിഞ്ഞ ദിവസം നിയമോപദേശം നൽകിയിരുന്നത്.
അതേസമയം, സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തുനിന്നും തനിക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് സജി ചെറിയാൻ വ്യക്തമാക്കി. അറിയിപ്പ് വരാത്തിടത്തോളം തിരുവനന്തപുരത്ത് പോകുന്ന കാര്യം ചിന്തിച്ചിട്ടില്ലെന്നും സജി ചെറിയാൻ ചൂണ്ടിക്കാട്ടി. ധാർമ്മികത ഉയർത്തിപ്പിച്ചാണ് രാജിവച്ചത്. നിയമ വിരുദ്ധമായോ, ഭരണഘടനാ വിരുദ്ധയമായോ ഒരു കാര്യവും താൻ ചെയ്തിട്ടില്ലെന്നും, അക്കാര്യത്തിൽ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

