കണ്ണൂർ: എസ് എൻ കോളജ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങിൽ ഗുരുസ്തുതി ചൊല്ലിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റുനിൽക്കാതിരുന്നതിനെച്ചൊല്ലി ഉയർന്ന വിവാദത്തിൽ വിശദീകരണവുമായി സിപിഎം നേതാവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജൻ. എസ്എൻ കോളജിലെ പരിപാടിയിൽ ചൊല്ലിയത് പ്രാർത്ഥനയല്ലെന്ന് ജയരാജൻ വ്യക്തമാക്കി.
മുഖ്യമന്ത്രി എഴുന്നേൽക്കേണ്ടതില്ലെന്ന് വേദിയിലുണ്ടായിരുന്ന വെള്ളാപ്പള്ളി നടേശൻ തന്നെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാർത്ഥനയ്ക്കായി അറിയിപ്പു മുഴങ്ങിയപ്പോൾ ആദ്യം എഴുന്നേൽക്കാനൊരുങ്ങിയ മുഖ്യമന്ത്രി ഗുരുവന്ദനമാണെന്ന് അറിഞ്ഞതോടെ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയും ഉണ്ടായിരുന്നു. കടന്നപ്പള്ളി എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ മുഖ്യമന്ത്രി അദ്ദേഹത്തെ കൈകൊണ്ട് വിലക്കി. ഈ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദം ഉടലെടുത്തത്.
ഗുരുർബ്രഹ്മാ ഗുരുർവിഷ്ണുഃ എന്നു തുടങ്ങുന്ന ഗുരുഗീതയാണ് എസ് എൻ കോളജ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങിൽ ചൊല്ലിയത്. ഈ സമയത്തു വേദിയിലും സദസ്സിലുമുണ്ടായിരുന്ന മറ്റെല്ലാവരും എഴുന്നേറ്റു നിൽക്കുകയായിരുന്നു. അതേസമയം, മുഖ്യമന്ത്രി മാപ്പു പറയണമെന്ന ആവശ്യവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരനും കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്തെത്തിയിരുന്നു.

