ശ്രീനഗർ: പുതുവർഷ ദിനത്തിൽ ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രജൗരി ജില്ലയിലെ ധാംഗ്രി മേഖലയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് പുറത്തു വരുന്ന വിവരം. പരിക്കേറ്റവർ രജൗരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ആയുധധാരികളായി മേഖലയിലെത്തിയ ഭീകരർ പ്രദേശവാസികളുടെ നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം ശ്രീനഗറിൽ സൈനികർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണവും നടന്നു. ആക്രമണത്തിൽ ഒരു പ്രദേശവാസിയ്ക്ക് പരിക്കേറ്റു. എം കെ ചൗക്ക് മേഖലയിൽ വെച്ചാണ് സിആർപിഎഫ് സൈനികർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആക്രമണം നടന്നത്.
മേഖലയിൽ നിരീക്ഷണവും ജാഗ്രതയും വർദ്ധിപ്പിച്ചതായി സുരക്ഷാ സേന അറിയിച്ചു. ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി.

