ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജല സവാരി; പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജല സവാരി ജനുവരി 13 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സവാരി ഫ്‌ളാഗ് ഓഫ് ചെയ്യും. ഗംഗ, ഭാഗീരഥി, ഹൂഗ്ലി, ബ്രഹ്മപുത്ര, വെസ്റ്റ് കോസ്റ്റ് കനാൽ തുടങ്ങി 27 നദികളിലൂടെ സഞ്ചരിക്കുന്ന ക്രൂസിൽ 50 പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള അവസരം ലഭിക്കും. 50 ദിവസം കൊണ്ട് 3,200 കിലോമീറ്റർ ദൂരം ക്രൂസ് പിന്നിടും.

ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്നും ആരംഭിക്കുന്ന അസമിലെ ദിബ്രുഗഡിൽ അവസാനിക്കും. ബംഗ്ലാദേശിലൂടെയും ‘റിവർ ക്രൂസ്’ സഞ്ചരിക്കുന്നതാണ്. വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾ ക്രൂസിലുണ്ടാകും. ലോകത്തിലെതന്നെ സവിശേഷമായ ക്രൂസാണ് ഇതെന്നും ഇന്ത്യയിൽ വളരുന്ന ക്രൂസ് ടൂറിസത്തിന്റെ പ്രതിഫലനമാണിതെന്നും നേരത്തെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. വീഡിയോ കോൺഫറൻസ് വഴി ബംഗാളിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബംഗാളിലുള്ളവരെല്ലാം ഇത് ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.

വാരാണസിയിലെ ഗംഗാ ആരതി, കാസിരംഗ ദേശീയോദ്യാനം, സുന്ദർബൻസ് ഡെൽറ്റ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ചരിത്ര സ്മാരകങ്ങൾ തുടങ്ങിയവ കാണാനുള്ള അവസരം സഞ്ചാരികൾക്ക് ലഭിക്കും. കാസിരംഗ നാഷണൽ പാർക്ക്, സുന്ദർബൻസ് ഡെൽറ്റ തുടങ്ങിയ വന്യജീവി സങ്കേതങ്ങളിലൂടെയും ക്രൂസ് സഞ്ചരിക്കും.