ചെലവ് ചുരുക്കൽ; വിമാനയാത്ര കുറക്കണമെന്ന് എഐസിസി സെക്രട്ടറിമാർക്ക് നിർദ്ദേശം

ന്യൂഡൽഹി: വിമാനയാത്ര കുറക്കണമെന്ന് എഐസിസി സെക്രട്ടറിമാർക്ക് നിർദ്ദേശം. ചെലവ് ചുരുക്കലിന്റെ ഭാഗമായി വിമാനയാത്ര കുറയ്ക്കണമെന്നാണ് എഐസിസി സെക്രട്ടറിമാരോട് നിർദ്ദേശിച്ചിട്ടുള്ളത്.

2018ലെ ചെലവ് ചുരുക്കൽ തീരുമാനങ്ങളാണ് വീണ്ടും നിർദേശിച്ചത്. വിമാന ടിക്കറ്റ് മാസത്തിൽ രണ്ടു തവണ മാത്രമേ അനുവദിക്കൂ. 1,400 കി.മീ വരെ സഞ്ചരിക്കാനുള്ള ട്രെയിൻ ടിക്കറ്റിന്റെ പണം നൽകും. ഇതിനു മുകളിലുള്ള ദൂരത്തിന് കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റ് എടുക്കാം.

ജനറൽ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും എംപിമാരാണെങ്കിൽ പാർലമെന്റ് അംഗം എന്ന നിലയിലുള്ള സൗകര്യം ഉപയോഗിക്കണമെന്നും എഐസിസി നിർദ്ദേശിച്ചു. കാന്റീൻ, സ്റ്റേഷനറി, വൈദ്യുതി, പത്രം, ഇന്ധനം തുടങ്ങിയ ചെലവുകളും കുറയ്ക്കണമെന്ന് എഐസിസി ആവശ്യപ്പെട്ടു.