നിങ്ങളുടെ അമ്മയെന്നാൽ തങ്ങളുടെ അമ്മ കൂടിയാണ്; പ്രധാനമന്ത്രിയുടെ മാതാവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മമത ബാനർജി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീര ബെൻ മോദിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിങ്ങളുടെ അമ്മയെന്നാൽ തങ്ങളുടെ അമ്മ കൂടിയാണെന്ന് മമത ബാനർജി വ്യക്തമാക്കി. ഹൗറയെയും ന്യൂ ജൽപായ്ഗുരിയെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഫ്‌ളാഗ് ഓഫ് ചെയ്ത ചടങ്ങിന്റെ വേദിക്ക് സമീപത്തുനിന്ന് സംസാരിക്കവെയായിരുന്നു മമത ബാനർജിയുടെ പ്രതികരണം.

അമ്മയുടെ വിയോഗത്തിനിടയിലും പരിപാടിയിൽ പങ്കെടുത്തതിന് പ്രധാനമന്ത്രിക്ക് മമത ബാനർജി നന്ദി അറിയിക്കുകയും ചെയ്തു. ദയവായി അൽപ്പം വിശ്രമിക്കൂ. നിങ്ങളുടെ അമ്മയുടെ വിയോഗത്തിൽ എങ്ങനെ അനുശോചിക്കണമെന്ന് തനിക്കറിയില്ല. നിങ്ങളുടെ അമ്മ തങ്ങളുടെ കൂടി അമ്മയാണ്. തന്റെ അമ്മയെയും താൻ ഓർക്കുന്നുവെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.

വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗാൾ സന്ദർശിക്കാനിരിക്കുകയായിരുന്നു. എന്നാൽ മാതാവിന്റെ വിയോഗത്തെ തുടർന്ന് അദ്ദേഹം യാത്ര മാറ്റിവെച്ചു. എന്നാൽ, ഇന്നത്തെ പരിപാടികളിൽ വിഡിയോ കോൺഫറൻസിങ് വഴി അദ്ദേഹം പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.

വെള്ളിയാഴ്ച്ച പുലർച്ചെയാണ് നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെൻ മോദി (99) അന്തരിച്ചത്. അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.