കണ്ണൂർ: കേരളത്തിലേക്ക് കടന്നു കയറി പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തി കർണാടക. അയ്യൻകുന്ന് പഞ്ചായത്തിൽ കടന്നുകയറിയാണ് കർണാടകയുടെ നടപടി. കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ട് വാർഡുകളിലാണ് കർണാടക ബഫർ സോൺ അടയാളപ്പെടുത്തിയത്. കർണാടകയിലുളള ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫർ സോണായാണ് കണ്ണൂർ കളിതട്ടുംപാറയിലെ രണ്ടര കിലോമീറ്റർ വരുന്ന ജനവാസ മേഖലയും ഒന്നര കിലോമീറ്റർ കേരളത്തിലെ വനഭൂമിയും കടന്ന് രണ്ടാംകടവ്-കളിതട്ടുംപാറ റോഡിൽ അടയാളപ്പെടുത്തൽ നടത്തിയിട്ടുള്ളത്.
പാലത്തിൻകടവുമുതൽ കളിതട്ടുംപാറ വരെ ഒൻപത് കിലോമീറ്റർ സ്ഥലത്ത് ആറിടങ്ങളിൽ കർണാടക ചുവന്ന ചായം കൊണ്ട് രേഖപ്പെടുത്തി. കർണാടകയുമായി വനാതിർത്തി പങ്കിടുന്ന സ്ഥലമാണിത്. അതേസമയം, സംസ്ഥാന സർക്കാരിനോ വനംവകുപ്പിനോ കർണാടകയുടെ നടപടിയെക്കുറിച്ച് അറിവില്ലെന്നാണ് പുറത്തു വരുന്ന വിവരം. ചുവന്ന ചായത്തിലുള്ള അടയാളപ്പെടുത്തൽ കണ്ടതോടെ ഈ മേഖലയിലെ കുടുംബങ്ങൾ ആശങ്കയിലായിട്ടുണ്ട്.
ജനവാസ മേഖലയ്ക്കും പഞ്ചായത്ത് റോഡുകൾക്കും പുറമേ ബാരാപോൾ ജലവൈദ്യുത പദ്ധതിയും പവർഹൗസും കെഎസ്ടിപി റോഡും ബഫർസോൺ മേഖലയിലാകുമോയെന്നാണ് പ്രദേശവാസികളുടെ ആശങ്ക. യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടയാളം കണ്ടതിന് പിന്നാലെ കളിതട്ടും പാറയിലെത്തി പ്രതിഷേധം നടത്തി. ചുവന്ന മാർക്കുകൾ കരി ഓയിൽ ഒഴിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മായ്ക്കുകയും ചെയ്തു.

