ഗുജറാത്തിൽ കോടികളുടെ ലഹരി വേട്ട; മുന്നൂറ് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നും ആയുധങ്ങളുമായി പാക് ബോട്ട് പിടിയിൽ

ഗാന്ധിനഗർ: ഗുജറാത്തിൽ കോടികളുടെ ലഹരി വേട്ട. മുന്നൂറ് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നും ആയുധങ്ങളുമായി പാക് ബോട്ട് പിടികൂടി. അൽ സൊഹേലി എന്നുപേരുള്ള മത്സ്യ ബന്ധന ബോട്ടാണ് പിടിയിലായത്. കോസ്റ്റ് ഗാർഡാണ് ബോട്ട് പിടിച്ചെടുത്തത്. ബോട്ടിൽ നിന്നും 40 കിലോ മയക്കുമരുന്നും ആറ് തോക്കുകളും 120 വെടിയുണ്ടകളുമാണ് കണ്ടെടുത്തത്.

കോസ്റ്റ്ഗാർഡും ഗുജറാത്ത് എ ടി എസും ചേർന്നാണ് തെരച്ചിൽ നടത്തിയത്. പത്ത് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. പാകിസ്ഥാനിലെ കറാച്ചിൽ നിന്നാണ് ബോട്ട് പുറപ്പെട്ടതെന്നാണ് ലഭ്യമാകുന്ന വിവരം.

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. ബോട്ട് ഓഖ തീരത്തേക്ക് എത്തിച്ചിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്നവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. നിർണായക വിവരങ്ങൾ ഇവരിൽ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.