തിരുവനന്തപുരം: ചാന്‍സലര്‍ പദവിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ പിണറായി സര്‍ക്കാരിന്റെ ചാന്‍സലര്‍ ബില്ല് സംബന്ധിച്ച് രാജ്ഭവന്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലിനോട് നിയമോപദേശം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
കേരളത്തിലെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റുന്നതിനെ കുറിച്ചാണ് ബില്ലില്‍ പറയുന്നത്. എന്നാല്‍, ഗവര്‍ണര്‍ ഒപ്പുവെച്ചെങ്കില്‍ മാത്രമേ ബില്‍ പ്രാബല്യത്തില്‍ ആകൂ. ബില്‍ വിശദമായി പഠിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കാമെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. ജനുവരി മൂന്നിന് സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം നിയമോപദേശവും പരിശോധിച്ചശേഷം ഗവര്‍ണര്‍ തുടര്‍ നടപടി കൈക്കൊള്ളാനാണ് സാധ്യത. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായും വിഷയം ചര്‍ച്ച ചെയ്യും.
അതേസമയം, ഗവര്‍ണര്‍ ബില്ലില്‍ തീരുമാനമെടുക്കാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടുകയാണെങ്കില്‍ അതില്‍ തീരുമാനമെടുക്കുന്നത് നീണ്ടുപോയേക്കും.

