പാലക്കാട്: സൈലന്റ് വാലി ദേശീയോദ്യാനത്തിന് ചുറ്റുമുള്ള പരിസ്ഥിതി ലോല പ്രദേശത്തിന്റെ ആകാശ സര്‍വേ ഭൂപടത്തില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡിഎഫ്ഒ എസ്. വിനോദ് രംഗത്ത്. സൈലന്റ് വാലിക്ക് നേരത്തെ തന്നെ ബഫര്‍ സോണ്‍ ഉള്ളതിനാല്‍, കൂട്ടിച്ചേര്‍ക്കല്‍ വേണ്ടിവരില്ല. അതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മണ്ണാര്‍ക്കാട് നഗരസഭ മുഴുവന്‍ ബഫര്‍ സോണ്‍ ആണെന്ന് ആകാശ ഭൂപടത്തില്‍ ഒറ്റനോട്ടത്തില്‍ തോന്നുന്നതിനാല്‍ മണ്ണാര്‍ക്കാട് എംഎല്‍എ എന്‍. ശംസുദ്ദീന്‍ അടക്കം ഇതേ സംബന്ധിച്ച് ആശങ്ക പങ്കുവെച്ചിരുന്നു. ഭൂപടം പ്രസിദ്ധീകരിച്ചതോടെ പ്രദേശവാസികളാകെ ആശങ്കയിലാണ്.
എന്നാല്‍, സര്‍വേ ഭൂപടത്തില്‍ പിഴവുണ്ടെന്ന് വനംവകുപ്പ് പറയുന്നു. ബഫര്‍ സോണ്‍ പിങ്ക് നിറത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും, സര്‍വേ നമ്പറുകള്‍, ജനവാസ കേന്ദ്രങ്ങള്‍ എന്നിവ ചേര്‍ത്തിരുന്നില്ല. പിന്നെ എങ്ങനെ പരാതികള്‍ സമര്‍പ്പിക്കും എന്ന ചോദ്യം ഉയര്‍ന്നപ്പോഴാണ്, വനംവകുപ്പ് തന്നെ വിശദീകരണവുമായി രംഗത്ത് വന്നത്.

