ഭരണഘടന വിരുദ്ധ പ്രസംഗം; സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പോലീസ് റിപ്പോർട്ടിനെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: മുൻ മന്ത്രി സജി ചെറിയാൻ നടത്തിയ ഭരണഘടന വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട പോലീസ് റിപ്പോർട്ടിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച മുൻമന്ത്രി സജി ചെറിയാൻ എംഎൽഎയെ കുറ്റവിമുക്തനാക്കി നൽകിയ പോലീസ് റിപ്പോർട്ടിനെതിരെയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിട്ടുള്ളത്.

പോലീസ് റിപ്പോർട്ട് തള്ളി അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. അഡ്വ ബിജു നോയൽ ആണ് ഹർജി നൽകിയത്. അന്വേഷണം സിബിഐയ്‌ക്കോ കേരളത്തിന് പുറത്തുള്ള കർണ്ണാടക പൊലീസിനോ കൈമാറണമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിൽ നിരവധി സാക്ഷികളുണ്ടായിട്ടും അത് കൃത്യമായി രേഖപ്പെടുത്താതെ സജി ചെറിയാനെ സംരക്ഷിക്കാനുള്ള റിപ്പോർട്ടാണ് പൊലീസ് കോടതിയ്ക്ക് കൈമാറിയതെന്നും ഹർജിയിൽ ആരോപിക്കുന്നു.

സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭരണഘടനയെ വിമർശിക്കാൻ അവകാശമുണ്ടെന്ന് ജില്ലാ പ്ലീഡറുടെ നിയമോപദേശം ലഭിച്ചിരുന്നു. വേദിയിലുണ്ടായിരുന്നവരുടെ മൊഴികളും സജി ചെറിയാന് അനുകൂലമായിരുന്നു.