കോവിഡ് പ്രതിരോധ മാർഗങ്ങൾ കർശനമായി പാലിക്കണം; ജാഗ്രത വർദ്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ അവലോകനം ചെയ്യാനായി ഉന്നതതലയോഗം വിളിച്ചു ചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസ്‌കുൾപ്പടെയുള്ള കോവിഡ് പ്രതിരോധ മാർഗങ്ങൾ കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ ആശുപത്രികൾ സജ്ജമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചൈനയിൽ സാമൂഹ്യ വ്യാപനത്തിനിടയാക്കിയ കോവിഡ് വകഭേദം രാജ്യത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത വർദ്ധിപ്പിക്കണം. വരാനിരിക്കുന്ന ഉത്സവ കാലങ്ങളിലുൾപ്പടെ മാസ്‌ക് ധരിക്കുന്നത് കർശനമാക്കണം, കോവിഡ് പരിശോധനയും ജനിതക ശ്രേണീകരണ നിരക്കും വർദ്ധിപ്പിക്കണം. വാക്‌സിനേഷന്റെ മുൻകരുതൽ ഡോസ് വിതരണം ഊർജ്ജിതമാക്കണം, സംസ്ഥാനങ്ങളിൽ ഓക്‌സിജൻ പ്ലാന്റുകളും വെന്റിലേറ്ററുകളും അടക്കം ആശുപത്രി സൗകര്യങ്ങൾ സജ്ജമാക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.

കോവിഡ് വൈറസ് വ്യാപനത്തിന് ഇതുവരെ അന്ത്യമായിട്ടില്ല. അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിരീക്ഷണ നടപടികൾ ശക്തമാക്കണം. ജനിതകശ്രേണീകരണത്തിനായി നിയുക്ത ഇൻസകോഗ് ജനിതകശ്രേണീകരണ ലബോറട്ടറികളുമായി (ഐജിഎസ്എൽ) പ്രതിദിനം കൂടുതൽ സാമ്പിളുകൾ പങ്കിടാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തു പടരുന്ന പുതിയ വകഭേദങ്ങൾ സമയബന്ധിതമായി കണ്ടെത്തുന്നതിനും ആവശ്യമായ പൊതുജനാരോഗ്യ നടപടികൾ സ്വീകരിക്കുന്നതിനും ഇതു സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.