ആരാധകര്‍ക്ക് ക്രിസ്മസ് സമ്മാനമായി പ്രത്യേക ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: 2022 ഡിസംബര്‍ 26ന് നടക്കുന്ന തങ്ങളുടെ അടുത്ത ഹോം മത്സരത്തിനുള്ള പ്രത്യേക ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി.

ഒഡീഷ എഫ്സിക്കെതിരെ നടക്കുന്ന മത്സരത്തിന് എല്ലാ സ്റ്റാന്‍ഡുകള്‍ക്കും 250 രൂപ മാത്രമായിരിക്കും ടിക്കറ്റ് നിരക്ക്. ആരാധകര്‍ക്ക് ക്രിസ്മസ് സമ്മാനമായാണ് ഈ പരിമിത കാല ഓഫര്‍ പ്രഖ്യാപിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

നിലവില്‍ 299, രൂപ. 399, രൂപ. 499, രൂപ. 899 എന്നീ നിരക്കുകളില്‍ വില്‍ക്കുന്ന ടിക്കറ്റുകളാണ് പ്രത്യേക ഇളവില്‍ 250 രൂപക്ക് ആരാധകര്‍ക്ക് നല്‍കുന്നത്. വിഐപി, വിവിഐപി ഹോസ്പിറ്റാലിറ്റി ടിക്കറ്റുകള്‍ക്ക് ഈ ഇളവ് ബാധകമായിരിക്കില്ല. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ അഞ്ച് വിജയങ്ങള്‍ നേടി റെക്കോഡിട്ട ടീം, നിറഞ്ഞ ആരാധകരുടെ സാനിധ്യത്തില്‍ ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ മൂന്നാം വിജയമാണ് ലക്ഷ്യമിടുന്നത്. 26ന് ഒഡീഷ എഫ്സിക്കെതിരെ നടക്കുന്ന ഹോം മത്സരത്തിന്, മുഴുവന്‍ ടിക്കറ്റും വിറ്റുതീരുന്നത് വരെ മാത്രമായിരിക്കും ടിക്കറ്റ് നിരക്ക് ഇളവുകള്‍ ഉണ്ടാവുക.