ശബരിമല മണ്ഡല മഹോത്സവം; എല്ലാ സേവനങ്ങളും സൗകര്യങ്ങളും മികച്ച നിലയിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് കെ രാധാകൃഷ്ണൻ

പത്തനംതിട്ട: ശബരിമല മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സൗകര്യങ്ങളും മികച്ച നിലയിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. കേരളത്തിന്റെ യശസ് ഉയർത്തിക്കിട്ടുന്ന തരത്തിലുള്ളതാക്കി ശബരിമല തീർത്ഥാടനത്തെ മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവിധ സങ്കുചിത ചിന്തകളും മാറ്റി വച്ച് വിശാലമായ ഐക്യത്തോടെ പ്രവർത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തുന്നതിന് പമ്പയിൽ കെ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്നിരുന്നു. മന്ത്രിമാരായ കെ രാജൻ, എം ബി രാജേഷ്, ചീഫ് വിപ്പ് ഡോ എൻ ജയരാജ് എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.

ബുധനാഴ്ച രാത്രി നിലയ്ക്കലിലെ പാർക്കിംഗ്, ഗതാഗത സൗകര്യങ്ങൾ തുടങ്ങിയവ വിശദമായി പരിശോധിച്ചു. പമ്പയിൽ നടത്തിയ യോഗത്തിൽ ദേവസ്വം, പൊലീസ്, റവന്യു, ഗതാഗതം തുടങ്ങി എല്ലാ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. യോഗത്തിൽ ഉന്നയിക്കപ്പെട്ട പല വിഷയങ്ങൾക്കും പരിഹാര നിർദേശങ്ങളും നൽകിയിട്ടുണ്ട്. യോഗത്തിന് ശേഷം പമ്പയിലെ പോലീസ് കൺട്രോൾ റൂമും സന്ദർശിച്ചു. എല്ലാ വിശ്വാസികളുടെയും താൽപര്യങ്ങൾ സംരക്ഷിച്ച് എല്ലാവർക്കും സംതൃപ്തമായ ദർശനമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.