കേരളത്തിന് മോദി സർക്കാരിന്റെ സമ്മാനം; 40,453 കോടിയുടെ ദേശീയപാത വികസനപദ്ധതികൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: കേരളത്തിൽ വികസന പദ്ധതികൾക്ക് വേഗം പകർന്ന് കേന്ദ്ര സർക്കാർ. 40,453 കോടി രൂപയുടെ 12 ദേശീയ പാത വികസനപദ്ധതികൾക്ക് ഇന്ന് തുടക്കം കുറിക്കും. കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.

403 കിലോമീറ്റർ പുതിയ ദേശീയ പാതയാണ് കേരളത്തിൽ നിർമ്മിക്കുക. ഉദ്ഘാടന പരിപാടികൾ നടക്കുന്നത് കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ട്രാവൻകൂർ അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിൽ വച്ചാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുന്നത്. കേന്ദ്ര റോഡ് ഗതാഗത ദേശീയപാത സഹമന്ത്രി ജനറൽ വി കെ സിംഗ്, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കും. ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) ആണ് 403 കിലോമീറ്ററിലെ വികസന പദ്ധതികൾ നടപ്പാക്കുന്നത്.