തിരുവനന്തപുരം: കാസര്‍ഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനമാരംഭിച്ചു. എട്ടു കോടി രൂപ ഉപയോഗിച്ചാണ് ഇവിടെ ഹദ്രോഗ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്. രണ്ട് രോഗികള്‍ക്ക് ഇന്ന് ആന്‍ജിയോഗ്രാം പരിശോധന നടത്തിയതിലൂടെ കാത്ത് ലാബിന്റെ സേവനം ജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങിയതായി ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഹൃദയത്തിന്റെ രക്ത ധമനികളിലുണ്ടാകുന്ന ബ്ലോക്കുകള്‍ എളുപ്പത്തില്‍ കണ്ടെത്തി അതിന് ശരിയായ സമയത്ത് ചികിത്സ നല്‍കുന്നതിനും ഏറെ ഉപയോഗപ്രദമായ ആന്‍ജിയോഗ്രാം പരിശോധന, ആന്‍ജിയോ പ്ലാസ്റ്റി സൗകര്യം എന്നിവയും കാത്ത് ലാബിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാകും. ആദ്യ ഘട്ടത്തില്‍ ആന്‍ജിയോഗ്രാം പരിശോധനകള്‍ കൂടുതല്‍ പേര്‍ക്ക് ചെയ്ത ശേഷം രണ്ടാംഘട്ടമായി ആന്‍ജിയോ പ്ലാസ്റ്റി ആരംഭിക്കും. രക്തത്തിന്റെ പമ്പിങ് കുറയുന്നത് തടയാനുള്ള ഐസിഡി സംവിധാനവും കാത്ത് ലാബില്‍ ലഭിക്കും. ഇതോടെ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി പേസ് മേക്കര്‍ തുടങ്ങി ചെലവേറിയ ചികിത്സകള്‍ സാധാരണക്കാര്‍ക്കും ലഭിക്കും.
അതേസമയം, കാത്ത് ലാബ് സിസിയുവില്‍ 7 ബെഡുകളാണ് സജ്ജമാക്കിയിട്ടുള്ളത്. കാസര്‍ഗോഡ് ജില്ലയ്ക്കായി ആദ്യമായി ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് അവരുടെ സേവനം ലഭ്യമാക്കി. ഇഇജി മെഷീനും ലഭ്യമാക്കിയിട്ടുണ്ട്. ജില്ലയില്‍ ആദ്യമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സ്പെഷ്യല്‍ ന്യൂ ബോണ്‍ കെയര്‍ യൂണിറ്റും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ചികിത്സക്ക് വളരെ പ്രാധാന്യം നല്കുന്നു.

