സ്വകാര്യബസുകൾ ഓടുന്ന ഇരുനൂറോളം റൂട്ടുകൾകൂടി ഏറ്റെടുക്കാൻ കെഎസ്ആർടിസി; എതിർപ്പുമായി സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം: സ്വകാര്യബസുകൾ ഓടുന്ന ഇരുനൂറോളം റൂട്ടുകൾകൂടി ഏറ്റെടുക്കാൻ കെഎസ്ആർടിസി. പെർമിറ്റ് പുതുക്കാത്ത, 140 കിലോമീറ്റർ പരിധി നിശ്ചയിച്ച ഓർഡിനറി ബസുകളുടെ റൂട്ടുകൾ കെഎസ്ആർടിസി ഏറ്റെടുക്കും.

നാലുമാസത്തിനുള്ളിൽ ഈ റൂട്ടുകളിൽ ഫാസ്റ്റ് പാസഞ്ചർ ബസുകളടക്കം ഓടിക്കാനാണ് കെഎസ്ആർടിസി ലക്ഷ്യമിട്ടിരുന്നത്. കട്ടപ്പുറത്തിരിക്കുന്ന 748 ബസുകൾ അറ്റകുറ്റപ്പണി നടത്തി ഉടൻ നിരത്തിലിറക്കുന്നുണ്ട്. ഇവ ഓടിക്കാൻ ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.

അതേസമയം, കെഎസ്ആർടിസിയുടെ തീരുമാനത്തിനെതിരെ സ്വകാര്യ ബസുടമകൾ രംഗത്തെത്തിയിരുന്നു. റൂട്ടുകൾ ഏറ്റെടുക്കാനുള്ള കെഎസ്ആർടിസി തീരുമാനം നഷ്ടത്തിലായ സ്വകാര്യബസ് മേഖലയെ പൂർണമായും തകർക്കുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശരണ്യ മനോജ് വ്യക്തമാക്കി. ഗ്രാമപ്രദേശങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള സർവീസുകളാണ് ഇപ്പോൾ കെഎസ്ആർടിസി ഏറ്റെടുക്കുന്നത്. ദൂരപരിധി പാലിച്ച് നടത്തുന്ന സർവീസുകൾ ജനങ്ങൾക്ക് പ്രയോജനകരമാകില്ല. ഉടമകൾക്കും ഈ സർവീസുകൾ നഷ്ടമുണ്ടാക്കുമെന്നും ഫെഡറേഷൻ ചൂണ്ടിക്കാട്ടി.