ലോകകപ്പ് മത്സര വേദിയില്‍ വ്യത്യസ്ത റിലീസ് പ്രഖ്യാപനവുമായി ‘കാക്കിപ്പട’ ടീം

ഖത്തര്‍ ലോകകപ്പ് മത്സരത്തില്‍ ആര്‍ത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കി വ്യത്യസ്തമായ റിലീസ് പ്രഖ്യാപനവുമായി ‘കാക്കിപ്പട’ സിനിമ ടീം. ചിത്രം ക്രിസ്മസ് റിലീസ് ആയി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഖത്തറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ നടന്ന ഇംഗ്ലണ്ട്-ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെയാണ് ‘കാക്കിപ്പട’യുടെ ക്രിസ്മസ് റിലീസ് പ്രഖ്യാപന ഫ്‌ലെക്‌സുകളുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എത്തിയത്. ഷെബി ചൗഘട്ട് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

പൂര്‍ണമായും ത്രില്ലര്‍ മൂഡിലാണ് കാക്കിപ്പട ഒരുക്കിയിരിക്കുന്നത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. പൊലീസുകാരുടെയും പ്രതിയുടെയും മാനസിക അവസ്ഥയും, ആ നാടിനോടും സംഭവിച്ച ക്രൈമിനോടും ഉള്ള സമീപനവും വ്യത്യസ്തമായ രീതിയില്‍ പറഞ്ഞുപോവുകയാണ് സിനിമ. കുറ്റവാളിയില്‍ നിന്ന് പൊലീസുകാരിലേക്കുള്ള അന്വേഷണത്തിന്റെ സഞ്ചാരമാണ് സിനിമയുടെ പ്രമേയം. കേസ് അന്വേഷണമായാലും കുറ്റവാളിയെ പിടികൂടുന്ന സ്ഥിരം കഥാസന്ദര്‍ഭങ്ങളായാലും പ്രേക്ഷകര്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ ഒരു സിനിമാ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.

നിരഞ്ജ് മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധികാ, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക് (രാഷസന്‍ ഫെയിം), സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ഷിബുലാബാന്‍, മാലാ പാര്‍വതി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാവുന്നു.