അട്ടപ്പാടിയിൽ ഗർഭിണിയെ തുണിമഞ്ചലിൽ ചുമക്കേണ്ടി വന്ന സംഭവം; ഗതാഗതത്തിലെ പോരായ്മ പരിഹരിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടിയിൽ ഗർഭിണിയെ തുണിമഞ്ചലിൽ ചുമക്കേണ്ടി വന്ന സംഭവത്തെ തുടർന്നുണ്ടായ വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ. ദൂരത്തിന്റെ കണക്ക് താൻ പറഞ്ഞിട്ടില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. ഓഫീസിൽ മാദ്ധ്യമ പ്രവർത്തകരിൽ ചിലർ വിളിച്ചു ചോദിച്ചപ്പോഴുണ്ടായ ആശയ കുഴപ്പമാണ് ഉണ്ടായത്. അട്ടപ്പാടി വിദൂര ഊരുകളിൽ ഗതാഗത സംവിധാനത്തിൽ പോരായ്മ ഉണ്ട്. ആ പോരായ്മ പരിഹരിക്കാനാണ് ശ്രമമെന്നും അദ്ദേഹം അറിയിച്ചു.

കടുകുമണ്ണയിൽ ഗർഭിണിയെ 300 മീറ്റർ മാത്രമാണ് തുണിയിൽ കെട്ടി ചുമന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. വലിയ പ്രതിഷേധമാണ് മന്ത്രിയുടെ ഈ പ്രസ്താവനക്കെതിരെ ഉയർന്നത്. പ്രശ്‌നം പരിഹരിക്കാൻ നടപടി സ്വീകരിക്കാതെ സംഭവം പുറത്തു കൊണ്ടു വന്നവരെ കളിയാക്കുകയാണ് മന്ത്രി ചെയ്യുന്നതെന്ന് വി കെ ശ്രീകണ്ഠൻ എംപി ആരോപിച്ചു. യുവതിയുടെ ഭർത്താവ് മുരുകനും മന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ പ്രസ്താവന തെറ്റാണെന്നായിരുന്നു മുരുകൻ വ്യക്തമാക്കിയത്.

മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്ന തരത്തിൽ കടുകുമണ്ണയിൽ യാത്രാ ദുരിതമില്ലെന്നും കിലോമീറ്ററുകൾ തുണിയിൽ കെട്ടി ചുമന്നുവെന്നത് തെറ്റാണെന്നുമായിരുന്നു മന്ത്രി പ്രസ്താവന നടത്തിയത്. മന്ത്രി ഒരിക്കൽ എങ്കിലും ഇവിടെ എത്തിയിരുന്നെങ്കിൽ ഇത്തരം പ്രസ്താവന നടത്തില്ലായിരുന്നുവെന്നാണ് ഊരുവാസികളുടെ പ്രതികരണം.