‘ഭരണഘടന സംരക്ഷിക്കാന്‍ മോദിയെ കൊല്ലാന്‍ തയ്യാറാവൂ’; വിവാദ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് രാജ പട്ടേരിയ അറസ്റ്റില്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ പന്നാ ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ ‘ഭരണഘടനയെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാന്‍ തയ്യാറാവൂ’ എന്ന വിവാദ പരാമര്‍ശം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ പട്ടേരിയ ഹത ടൗണിലെ വസതിയില്‍ വെച്ച് അറസ്റ്റിലായി. തിങ്കളാഴ്ച പട്ടേരിയയുടെ വീഡിയോ പുറത്തു വന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പട്ടേരിയയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, കൊല്ലുക എന്നുള്ളതുകൊണ്ട് മോദിയെ പരാജയപ്പെടുത്തുക എന്നാണു ഉദ്ദേശിച്ചതെന്ന് പട്ടേരിയ വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല.

‘മോദി തിരഞ്ഞെടുപ്പുകള്‍ നിര്‍ത്തലാക്കും. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ രാജ്യത്തെ വിഭജിക്കും. രാജ്യത്തെ ദലിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതം അപകടത്തിലാണ്. ഭരണഘടന സംരക്ഷിക്കപ്പെടണമെങ്കില്‍ മോദിയെ കൊല്ലാന്‍ തയാറാവണം’- എന്നായിരുന്നു പട്ടേരിയയുടെ പ്രസ്താവന. സംഭവം വിവാദമായതിനു പിന്നാലെ പട്ടേരിയയ്ക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു. പന്നയിലെ പവായ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, ഭാരത് ജോഡോ യാത്ര നടത്തുന്നവരുടെ യഥാര്‍ഥ മുഖം പുറത്തു വന്നുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് മത്സരിക്കാന്‍ കഴിവില്ലാത്തവര്‍ അദ്ദേഹത്തെ കൊല്ലുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. വിദ്വേഷത്തിന്റെ മൂര്‍ധന്യാവസ്ഥയാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ കോണ്‍ഗ്രസ് മഹാത്മാ ഗാന്ധിയുടെ കോണ്‍ഗ്രസ് അല്ലെന്നും മുസോളിനിയുടെ ചിന്താഗതിയുള്ള ഇറ്റാലിയന്‍ കോണ്‍ഗ്രസ് ആണെന്നുമാണ് പട്ടേരിയയുടെ പരാമര്‍ശം സൂചിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും വ്യക്തമാക്കി. പട്ടേരിയയുടെ പരാമര്‍ശം മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയും അഭിപ്രായപ്പെട്ടു.