സിപിഎം നടത്തുന്നത് വർഗീയ ധ്രുവീകരണത്തിനുള്ള നീക്കം; രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം നടത്തുന്നത് വർഗീയ ധ്രുവീകരണത്തിനുള്ള നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് ജനാധിപത്യ പാർട്ടിയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇടതു മുന്നണിയിലേയ്ക്ക് മുസ്ലിം ലീഗിനെ എത്തിക്കാനുള്ള ആസൂത്രണം അണിയറയിൽ സജീവമാണ്. അതിന് ആക്കം കൂട്ടുന്നതാണ് എം വി ഗോവിന്ദന്റെ പ്രസ്താവനകൾ. നാല് വോട്ടിന് വേണ്ടി നാടിന്റെ മതസൗഹാർദം തകർക്കാനുള്ള നീക്കമാണ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുസ്ലിം ലീഗ് വിഭാഗീയ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണെന്ന് എല്ലാവർക്കും അറിവുള്ള കാര്യമാണ്. ലീഗ് വർഗീയ പാർട്ടിയാണെന്നായിരുന്നു നേരത്തെ സിപിഎമ്മിന്റെ നിലപാട്. ലീഗിനെ ഒഴിവാക്കിയുള്ള ഭരണം കൊണ്ട് വരുകയാണ് ലക്ഷ്യമെന്ന് ഇഎംഎസും നായനാരും വിഎസും പറഞ്ഞതാണ്. എന്നാൽ ഇപ്പോൾ നടക്കുന്നത് വർഗീയ ധ്രുവീകരണത്തിനുള്ള നീക്കങ്ങളാണ്. മുസ്ലിം ലീഗ് തികഞ്ഞ വർഗീയ പാർട്ടി തന്നെയാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.