‘പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ ബസ് സര്‍വീസുകള്‍ വര്‍ധിപ്പിക്കണം’; ശബരിലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: ശബരിമല സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാനായി പുതിയ നിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി. പമ്പ -നിലയ്ക്കല്‍ റൂട്ടില്‍ ബസ് സര്‍വീസുകള്‍ വര്‍ധിപ്പിക്കണമെന്നും ദിവസേന 75,000 തീര്‍ഥാടകര്‍ എന്ന പരിധി കഴിഞ്ഞാല്‍ സന്നിധാനത്ത് അര്‍പ്പിക്കുന്ന അഷ്ടാഭിഷേകത്തിന്റെ എണ്ണത്തില്‍ നിയന്ത്രണം വരുത്തണമെന്നും കോടതി പറഞ്ഞു.

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വന്‍ തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്നലെ വൈകിട്ട് പ്രത്യേക സിറ്റിങ്ങില്‍ പരിഗണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. തിരക്ക് കൂടുതലുള്ള ദിവസം വിര്‍ച്വല്‍ ക്യൂ വഴി ദേവസ്വം ബോര്‍ഡിന് അറിയാന്‍ സാധിക്കും. അതിനാല്‍, ഈ ദിവസങ്ങളില്‍ അഷ്ടാഭിഷേകം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നിയന്ത്രിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

നിര്‍ദ്ദേശങ്ങളില്‍ നിലപാട് അറിയിക്കണമെന്ന് സര്‍ക്കാരിനോടും പത്തനംതിട്ട കളക്ടറോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.