തിരുവനന്തപുരം: ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ വാങ്ങാൻ കെഎസ്ആർടിസി. രണ്ട് ബസുകളാണ് കെഎസ്ആർടിസി വാങ്ങുന്നത്. ഇതിനായി കെഎസ്ആർടിസി ടെൻഡർ ക്ഷണിച്ചു. സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡുമായി ചേർന്നാണ് ബസുകൾ വാങ്ങുന്നത്. കോഫി ഷോപ്പിലേതിന് സമാനമായി ചായയും കുടിച്ച് സ്നാക്സും കഴിച്ച് കെഎസ്ആർടിസി ഡബിൾ ഡക്കർ ബസിൽ നഗരം ചുറ്റിക്കാണാനുള്ള അവസരമാണ് വരാൻ പോകുന്നത്.
ബസിന്റെ താഴത്തെ നിലയെ റസ്റ്റോറന്റായി മാറ്റും. ഫ്രിഡ്ജ്, മൈക്രോവേവ് ഒവൻ, ഭക്ഷണം പാകം ചെയ്ത് സൂക്ഷിക്കാൻ സ്ഥലം എന്നിവ ഇവിടെ ഉണ്ടാകും. കോഫീ ഷോപ്പുകളിലേതിന് സമാനമായി യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യവും സജ്ജമാക്കും.. ഇലക്ട്രിക് ബസിന്റെ മേൽക്കൂര ആവശ്യാനുസരണം ഇളക്കിമാറ്റാൻ കഴിയുന്നതായിരിക്കണമെന്നാണ് ടെൻഡറിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ടെൻഡർ എടുക്കുന്ന കമ്പനിക്കായിരിക്കും ബസുകളുടെ അഞ്ച് വർഷത്തെ പരിപാലന ചുമതല. രണ്ട് വർഷം അല്ലെങ്കിൽ 2 ലക്ഷം കിലോമീറ്റർ (ഏതാണോ ആദ്യം) വരെ വാറന്റിയും കരാറുകാരൻ നൽകണമെന്നും മരങ്ങളുടെ ചില്ലകളും മറ്റും തട്ടിയുണ്ടാകുന്ന അപകടം ഒഴിവാക്കാൻ വശങ്ങളിൽ വിൻഡ് ഷീൽഡുകളും സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്.
120 കിലോമീറ്ററാണ് ഒറ്റച്ചാർജിൽ ഓടാവുന്ന ദൂരം. 66 സീറ്റുകൾ ഇലക്ട്രിക് ബസിലുണ്ടാകും. 9.7 മീറ്ററാണ് നീളം.4.75 മീറ്ററാണ് വീതി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി ഭാഷകളിൽ ഡിജിറ്റൽ ബോർഡ്, ജിപിഎസ് സംവിധാനത്തോടെയുള്ള അനൗൺസ്മെന്റ് തുടങ്ങിയവയാണ് ബസിന്റെ മറ്റ് പ്രത്യേകതകൾ.

