തിരുവനന്തപുരം: ഒരു രാഷ്ട്രീയ നേതാവും പൊടിക്കൈകൾ കൊണ്ട് രക്ഷപ്പെടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശ്രദ്ധ നേടാൻ പ്രത്യേക പദപ്രയോഗങ്ങൾ നടത്തുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തലക്കെട്ടിൽ നിറഞ്ഞതുകൊണ്ട് വളർച്ച നേടുമെന്ന് കരുതുന്നില്ല. തെറ്റായ സന്ദേശം ജനങ്ങളിലേക്ക് എത്താൻ അവസരം ഉണ്ടാക്കരുത്. സ്വന്തം ലാഭത്തിന് വേണ്ടിയാണ് പല മാധ്യമങ്ങളും വാർത്തകൾ നൽകുന്നത്. മാധ്യമ നിലപാടുകളിൽ പലതിനേയും എതിർക്കാൻ മടിക്കാത്ത ആളാണ് താനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ എതിർപ്പുകൾ വാർത്തയിൽ ഉൾപ്പെടുത്താത്തതിൽ നിരാശയില്ലെന്നും സത്യം തിരിച്ചറിയാൻ ജനങ്ങൾക്ക് സാധിക്കുമെന്ന് മാധ്യമങ്ങൾ മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാർത്ത സൃഷ്ടിക്കാൻ ഇത്തരം പ്രയോഗങ്ങൾ മനപ്പൂർവ്വം നടത്താൻ താൻ ശ്രമിക്കാറില്ലെന്നും അദ്ദേഹം അറിയിച്ചു. ചില നേതാക്കളുടെ പ്രയോഗങ്ങൾ വാർത്താപ്രാധാന്യം നേടാറുണ്ട്. പിന്നീട് വിവാദമാകുമ്പോൾ നാക്കു പിഴയെന്ന് പറഞ്ഞ് അവർ പ്രയോഗങ്ങളെ വെള്ളപൂശാൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

