പാലക്കാട്: സംസ്ഥാനത്ത് സര്‍ക്കാര്‍ ഔട്ട്ലെറ്റുകളായ ബെവ്കോയിലും കണ്‍സ്യൂമര്‍ ഫെഡിലും പോപ്പുലര്‍ ബ്രാന്‍ഡുകളായ ഹെര്‍ക്കുലീസ്, ഹണീബി, ഓള്‍ഡ് മങ്ക്, ഒ.സി.ആര്, എം.സി.ബി, വൈറ്റ് മിസ് ചീഫ് തുടങ്ങിയ മദ്യത്തിന് ക്ഷാമം. സ്പിരിറ്റിന് (ഇ.എന്‍.എ) വില വര്‍ദ്ധിച്ചതോടെ മദ്യക്കമ്ബനികള്‍ ഉല്പാദനം കുറച്ചതാണ് പ്രതിസന്ധി രൂക്ഷമാവാന്‍ കാരണം.
മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് സ്പിരിറ്റ് എത്തുന്നത്. സ്പിരിറ്റ് വരവ് കുറഞ്ഞതോടെ ചെറുകിട കമ്ബനികള്‍ ഉല്പാദനം 60 ശതമാനത്തോളം കുറച്ചു. തുടര്‍ന്ന് വില കുറഞ്ഞ മദ്യത്തിന് ബെവ്കോ ഔട്ട്ലെറ്റുകളില് മാസങ്ങളായി ക്ഷാമം നേരിടുകയാണ്. അര ലിറ്ററിനു ശരാശരി 400 500 രൂപ വരെയുള്ള ബ്രാന്‍ഡുകളാണ് ഇല്ലാത്തത്. 180 230 രൂപ വില വരുന്ന ക്വാര്‍ട്ടര്‍ മദ്യം ഔട്ട് ലെറ്റില്‍ എത്തിയിട്ട് അഞ്ചുമാസമായെന്നാണ് അധികൃതരുടെ വിശദീകരണം.
അതേസമയം, മദ്യ കമ്ബനികള്‍ പോപ്പുലര്‍ ബ്രാന്‍ഡുകള്‍ നല്‍കാതായിട്ട് മാസങ്ങളായി. സര്‍ക്കാരിന്റെ സ്വന്തം ബ്രാന്‍ഡായ ജവാനും ഔട്ലെറ്റുകളില് എത്തുന്നില്ല. പ്രീമിയം ഇനത്തിലെ കുറഞ്ഞ ബ്രാന്‍ഡിന് പോലും ലിറ്ററിന് 1000 രൂപയ്ക്ക് മുകളില്‍ നല്‍കണം. ബവ്കോ ഔട്ലെറ്റുകളില് മാത്രമല്ല ബാറുകളിലും വില കുറഞ്ഞ മദ്യം കിട്ടാനില്ല. എന്നാല്‍, ഷോപ്പുകളില്‍ കെട്ടിക്കിടന്ന പ്രീമിയം ബ്രാന്‍ഡുകളുടെ വില്പന കൂടിയതോടെ കോര്‍പറേഷന്റെ വരുമാനം വര്‍ധിച്ചെന്നാണ് അധികൃതര്‍ പറയുന്നത്.

