വിഴിഞ്ഞം സെമിനാര്‍: മുഖ്യമന്ത്രിക്ക് പകരം ധനമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള ഏക്‌സ്‌പെര്‍ട്ട് സമ്മിറ്റ് പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ലെന്ന് വിവരം. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ രാവിലെ പത്ത് മണിക്ക് നടക്കുന്ന പരിപാടി മുഖ്യമന്ത്രിക്ക് പകരം ധനമന്ത്രി ഉദ്ഘാടനം ചെയ്യും.

അതേസമയം, ഔദ്യോഗികമായി ക്ഷണിക്കാത്തതിനാല്‍ ശശി തരൂരും പരിപാടിയില്‍ പങ്കെടുക്കില്ല. സമരം സംഘര്‍ഷത്തിലേക്ക് നീങ്ങിയ പശ്ചാത്തലത്തിലാണ് കേരള വികസനത്തിന് പദ്ധതി അനിവാര്യമാണെന്ന പ്രചാരണം സംഘടിപ്പിക്കുന്നത്.

വിഴിഞ്ഞത്തെ സ്‌പെഷ്യല്‍ പൊലീസ് ഓഫീസറായി ഡിഐജി ആര്‍ നിശാന്തിനിയെ നിയമിച്ചിട്ടുണ്ട്. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ ഡിഐജിക്ക് കീഴില്‍ നാല് എസ്പിമാരും ഡിവൈഎസ്പിമാരും അടങ്ങുന്ന പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട്. ക്രമസമാധാനപാലനത്തോടൊപ്പം വിഴിഞ്ഞം സംഘര്‍ഷത്തെക്കുറിച്ചുള്ള അന്വേഷണവും ഇവര്‍ നടത്തും. ഡിസിപി അജിത്കുമാര്‍, കെ ഇ ബൈജു, മധുസൂദനന്‍ എന്നിവരും സംഘത്തിലുണ്ട്.