വിഴിഞ്ഞം പ്രതിഷേധം; പദ്ധതി നിർത്തിവയ്ക്കണമെന്ന നിലപാടിൽ ഉറച്ച് സമരസമിതി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കണമെന്ന നിലപാടിൽ മാറ്റമില്ലാതെ സമരസമിതി. വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധം സ്വാഭാവിക പ്രതികരണമാണെന്ന് സമരസമിതി നേതാക്കൾ വ്യക്തമാക്കുന്നത്. സർവകക്ഷിയോഗത്തിൽ ചർച്ച നടന്നുവെന്നും ഫലം എന്തെന്ന് അറിയില്ലെന്നും സമരസമിതി കൺവീനർ യൂജിൻ പെരേര മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

സമാധാന അന്തരീക്ഷം ഉണ്ടാക്കണം എന്നതിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണുള്ളത്. സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നും സമരസമിതി അറിയിച്ചു. അതേസമയം, വിഴിഞ്ഞത്ത് സംഘർഷം ഒഴിവാക്കാൻ കളക്ടർ വിളിച്ച സർവകക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്നായിരുന്നു സമരസമിതി സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടത്.

സമാധാനം പുനഃസ്ഥാപിക്കാൻ കളക്ടർ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിൽ സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജി ആർ അനിലാണ് പങ്കെടുത്തത്. പദ്ധതി വേഗത്തിൽ നടപ്പിലാക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത സമരസമിതി ഒഴികെയുള്ള എല്ലാ സംഘടനകളും പാർട്ടികളും ആവശ്യപ്പെട്ടതായാണ് മന്ത്രി ജി.ആർ. അനിൽ സർവ്വകക്ഷി യോഗത്തിന് ശേഷം പറഞ്ഞത്. സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് സർവ്വകക്ഷിയോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതായി അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.