വിഴിഞ്ഞം സമരം; കലാപ അന്തരീക്ഷം ഒഴിവാക്കണമെന്ന് സ്പീക്കർ

ആലപ്പുഴ: വിഴിഞ്ഞം സമരത്തിൽ നിന്ന് പ്രതിഷേധക്കാർ പിന്മാറണമെന്ന് സ്പീക്കർ എ എൻ ഷംസീർ. കലാപ അന്തരീക്ഷം ഒഴിവാക്കണമെന്നും നാട്ടിൽ സമാധാനം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കാൻ കഴിയില്ല. സമരക്കാരുടെ ഏഴ് ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചതാണ്. തുറമുഖനിർമാണം നിർത്തണം എന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തിന്റെ വികസനത്തിനായുള്ള വമ്പൻ പദ്ധതി നിർത്തിവയ്ക്കാൻ കഴിയില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. സമരം ചെയ്യുന്നവർ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചും സർക്കാർ അംഗീകരിച്ചതാണെന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തെ പ്രധാനപ്പെട്ട പദ്ധതിയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു.

പദ്ധതി ഫിനിഷിങ്ങിലേക്ക് എത്തുമ്പോഴാണ് പ്രശ്‌നങ്ങൾ ഉണ്ടാവുന്നത്. എല്ലാവരെയും ബോധ്യപ്പെടുത്തി പദ്ധതി പൂർത്തിയാക്കാമെന്ന് കരുതുന്നുവെന്നും ഇതിനായി ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.