സ്വർണ്ണ കടത്ത് കേസ്; വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തിൽ വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി

ന്യൂഡൽഹി: സ്വർണ്ണ കടത്ത് കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തിൽ വിശദമായ വാദം കേൾക്കാൻ സുപ്രീം കോടതി. വിചാരണ ബെംഗുളൂരുവിലേക്ക് മാറ്റണമെന്ന ഇഡി ആവശ്യത്തിൽ ധൃതിപ്പിടിച്ചൊരു തീരുമാനത്തില്ലെന്നാണ് കോടതിയുടെ നിലപാട്. സംസ്ഥാനത്ത് ഭരണത്തിൽ ഇരിക്കുന്ന രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ള കേസാണിത്. അതിനാൽ കേസ് മാറ്റുന്നതിൽ പ്രയോഗിക ബുദ്ധിമുട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

അസാധാരണമായ സാഹചര്യത്തിലാണ് വിചാരണമാറ്റം അംഗീകരിക്കുക. നിയമവ്യവസ്ഥയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട് വിഷയമാണിതെന്നും കോടതി അഭിപ്രായപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് അസാധാരണ സാഹചര്യമുണ്ടെന്ന വാദം ഇഡി കോടതിയിൽ ആവർത്തിച്ചു.

ഹർജി തള്ളണമെന്ന ആവശ്യം സംസ്ഥാനം ആവർത്തിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. വിചാരണ കോടതിയിലെ നടപടികളെ കുറിച്ച് കോടതി ചോദിച്ചറിഞ്ഞു. ഇക്കാര്യത്തിലെ പുരോഗതി അറിഞ്ഞ ശേഷം വാദം കേൾക്കുന്ന തീയതി അറിയിക്കാമെന്നാണ് കോടതി പറഞ്ഞത്.