തിരുവനന്തപുരം: മദ്യ വില വർദ്ധനക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തെ മദ്യ വില വർദ്ധനവ് അശാസ്ത്രീയമാണെന്ന് അദ്ദേഹം പറഞ്ഞു. മദ്യ വില വർധനവ് മൂലം ഉപഭോഗം കുറയില്ലെന്നും കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പാൽ വില വർദ്ധിപ്പിച്ച് കൊണ്ടുള്ള തീരുമാനം സർക്കാരിന് ഇൻസെന്റീവ് നൽകുന്നത് വഴി ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മദ്യ വില വർദ്ധനവ് വരുന്നതോടെ വീട്ട്‌ചെലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മാറ്റി വെയ്ക്കപ്പെടുന്ന തുക മദ്യത്തിനായി നൽകേണ്ടി വരുമെന്നും ഇത് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കും. മാരക ലഹരി വസ്തുക്കളുടെ ഉപഭോഗം വർദ്ധിപ്പിക്കുന്നതാണ് സർക്കാർ നടപടി. ലഹരി വിരുദ്ധ ക്യാംപെയിനുകൾ സംഘടിപ്പിക്കുന്ന സർക്കാർ തന്നെ മയക്കുമരുന്ന് വ്യാപനത്തിന് വഴിമരുന്നിടുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം അറിയിച്ചു.

