കാലിഫോർണിയ എലിമെന്ററി സ്‌കൂൾ ക്യാംപസിൽ സത്താൻ ക്ലബ്; അഞ്ചു വയസു മുതലുള്ള കുട്ടികൾ അംഗങ്ങളെന്ന് റിപ്പോർട്ട്

ഹൂസ്റ്റൺ: കാലിഫോർണിയയിലെ സ്‌കൂളിൽ പരസ്യമായി സാത്താൻ ആരാധന നടക്കുന്നുവെന്ന് റിപ്പോർട്ട്. സ്‌കൂൾ അധികൃതരുടെ അനുമതിയോടെയാണ് സാത്താൻ ക്ലബ് പ്രവർത്തിക്കുന്നതെന്നാണ് വിവരം. കുട്ടികൾക്കിടയിൽ ‘വിമർശനാത്മക ചിന്ത’ പരിപോഷിപ്പിക്കുകയാണ് ക്ലബിന്റെ ലക്ഷ്യമെന്നാണ് സാത്താൻ ആരാധകർ പറയുന്നത്. കാലിഫോർണിയ എലിമെന്ററി സ്‌കൂൾ ക്യാംപസിലാണ് ‘ആഫ്റ്റർ സ്‌കൂൾ സാത്താൻ ക്ലബ്ബ്’ എന്ന പേരിൽ സംവിധാനം ആരംഭിച്ചിട്ടുള്ളത്.

അഞ്ചു വയസ്സ് വരെ പ്രായമുള്ള കുട്ടികൾ വരെ ഈ ക്ലബിൽ അംഗങ്ങളാണ്. കാലിഫോർണിയയിലെ കേർൺ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ടെഹാചാപിയിലെ ഗോൾഡൻ ഹിൽസ് എലിമെന്ററി സ്‌കൂളിലാണ് ക്ലബ് രൂപീകരിച്ചിട്ടുള്ളത്. സാത്താനിക് ടെമ്പിളും റീസൺ അലയൻസും ചേർന്ന് സ്ഥാപിച്ച ക്ലബ്ബിനെ അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ രക്ഷിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും വിമർശനാത്മക ചിന്തയെ പ്രോത്സാഹിപ്പിക്കാനുമാണ്’ ക്ലബ്ബ് ലക്ഷ്യമിടുന്നതെന്ന് ആഫ്റ്റർ സ്‌കൂൾ സാത്താൻ ക്ലബ്ബിന്റെ വക്താവ് ലൂസിയൻ ഗ്രീവ്സ് വ്യക്തമാക്കി. പേരുകൊണ്ടു വിവാദമായെങ്കിലും സംഘടന കുട്ടികളെ സാത്താനിസം പഠിപ്പിക്കുന്നില്ലെന്നും ഗ്രീവ്സ് അറിയിച്ചു.

വിശ്വാസത്തിൽ സ്ഥാപിതമായ ഗ്രൂപ്പുകളോട് വിവേചനം കാണിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് തെഹച്ചാപ്പി യൂണിഫൈഡ് സ്‌കൂൾ ഡിസ്ട്രിക്റ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ ഉദ്യോഗസ്ഥർ പറയുന്നത്. ക്യാംപസിൽ ഇതിനകം സ്ഥാപിതമായ ഗുഡ് ന്യൂസ് ക്ലബ് പോലുള്ള ക്ലബ്ബുകളുടെ സാന്നിധ്യമാണ് സാത്താനിക് ടെമ്പിൾ അംഗീകൃത ഗ്രൂപ്പ് ആരംഭിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.