നെഗറ്റീവ്-വിദ്വേഷ ട്വീറ്റുകള്‍ക്ക് ഇനി റീച്ച് കിട്ടില്ലെന്ന് ട്വിറ്റര്‍

ന്യൂയോര്‍ക്ക്: അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കരുതി അതെല്ലാം റീച്ച് നേടുമെന്ന് കരുതരുത് എന്ന് ട്വിറ്റര്‍. നെഗറ്റീവ് ആയ ഉള്ളടക്കം അടങ്ങുന്ന ട്വീറ്റുകളും വിദ്വേഷമുയര്‍ത്തുന്ന അഭിപ്രായപ്രകടനങ്ങളും ഇനിമുതല്‍ ട്വിറ്ററില്‍ വൈറലാകില്ല. അത്തരം ട്വീറ്റുകളുടെ റീച്ച് പരമാവധി കുറയ്ക്കുമെന്ന് ഇലോണ്‍ മസ്‌ക് വ്യക്തമാക്കി.

ട്വിറ്ററില്‍ സംസാരിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ലഭിക്കുന്നതാണ്. എന്നാല്‍ അത്തരം ട്വീറ്റുകള്‍ക്കെല്ലാം റീച്ച് ലഭിക്കുമെന്ന് കരുതരുത്. വിദ്വേഷ-നെഗറ്റീവ് ട്വീറ്റുകള്‍ പരമാവധി ഡീബൂസ്റ്റ് ചെയ്യും. അത്തരം ട്വീറ്റുകളുടെ മോണിറ്റൈസേഷനും നിര്‍ത്തലാക്കും. വിദ്വേഷ ട്വീറ്റ് ആണെന്ന് സ്ഥിരീകരിച്ചാല്‍ അവ മറ്റൊരാളുടെ ഫീഡിലേക്ക് എത്തുകയില്ല. പ്രസ്തുത ട്വീറ്റ് പ്രത്യേകം തിരഞ്ഞുപിടിച്ച് എടുത്ത് നോക്കിയാല്‍ മാത്രം കണ്ടെത്താന്‍ കഴിയുന്ന വിധം സെറ്റ് ചെയ്യുന്നതാണെന്നും മസ്‌ക് അറിയിച്ചു.

മുമ്ബ് സസ്പെന്‍ഡ് ചെയ്ത ട്വിറ്റര്‍ അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കാന്‍ ആലോചനകള്‍ നടക്കുന്നതായും മസ്‌ക് വ്യക്തമാക്കി. ഇക്കൂട്ടത്തില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ട്രംപിന്റെ (അമേരിക്കന്‍ മുന്‍ പ്രസിഡന്റ്) ട്വിറ്റര്‍ അക്കൗണ്ടിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ സസ്പെന്‍ഡ് ചെയ്ത കാത്തി ഗ്രിഫിന്‍, ജോര്‍ദാന്‍ പീറ്റേഴ്സണ്‍, ബാബിലോണ്‍ ബി എന്നിവരുടെ അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്.