എല്ലാ പിന്തുണയും നൽകും; യുക്രെയ്‌നിൽ സന്ദർശനം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി

കീവ്: യുക്രെയ്‌നിൽ സന്ദർശനം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായാണ് അദ്ദേഹം യുക്രൈനിൽ സന്ദർശനം നടത്തുന്നത്. യുക്രൈൻ പ്രസിഡന്റ് വൊലോഡിമിർ സെലൻസ്‌കിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. യുക്രെയ്ന് എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുക എന്നതിന്റെ അർത്ഥം എന്താണെന്ന് ബ്രിട്ടണ് അറിയാം. തങ്ങൾ എന്നും നിങ്ങളോടൊപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി അതേസമയം, യുകെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ സെലൻസ്‌കി നന്ദി അറിയിച്ചു. നിങ്ങളെപ്പോലുള്ള സുഹൃത്തുക്കൾ കൂടെയുണ്ടെങ്കിൽ വിജയം ഉറപ്പാണ്. എന്താണ് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമെന്ന് ഇരു രാജ്യങ്ങൾക്കുമറിയാമെന്നും സെലൻസ്‌കി ട്വീറ്റ് ചെയ്തു.

ബ്രിട്ടൺ എന്നും യുക്രെയ്നൊപ്പമുണ്ടാകുമെന്ന് നേരത്തെ തന്നെ സുനക് ഉറപ്പു നൽകിയിരുന്നു. യുക്രെയ്ൻ സ്വാതന്ത്ര്യദിനത്തിൽ, റഷ്യയ്ക്കെതിരെ ചെറുത്തുനിൽക്കാൻ കാണിച്ച രാജ്യത്തിന്റെ ധൈര്യത്തെ പ്രകീർത്തിച്ചുകൊണ്ട് സുനക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ ഉയർത്താനും സമ്പന്നമാക്കാനും താൻ ഒന്നിച്ച് നിന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.