കൊച്ചി: ശബരിമല സർവ്വീസിനുള്ള കെഎസ്ആർടിസി ബസുകളിൽ അപകടകരമായ രീതിയിൽ കൊടി തോരണങ്ങളും പൂക്കളും പാടില്ലെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി. ഇവ ഉടനടി നീക്കം ചെയ്യണമെന്നാണ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.
ബസുകളിൽ ഇത്തരത്തിൽ കൊടിതോരണങ്ങളും പൂക്കളും വെച്ച് അലങ്കരിക്കുന്നത് റോഡിലെ മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധതെറ്റാൻ കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബഞ്ച് കേസ് പരിഗണിച്ചത്. കേസ് വീണ്ടും ചൊവ്വാഴ്ച്ച പരിഗണിക്കും.
അതേസമയം, കോടതിയുടെ ശ്രദ്ധയിൽപ്പെട്ട ഫോട്ടോകളിലെ ബസ് ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നുള്ളതാണെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു. ഇനി ഇത്തരം രീതികൾ വേണ്ടെന്നും നിർദേശം ലംഘിച്ചാൽ നടപടി സ്വീകരിക്കുമെന്നുമാണ് കോടതി നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അന്യസംസ്ഥാനത്ത് നിന്ന് ഉൾപ്പടെ എത്തുന്ന അയ്യപ്പ ഭക്തരുടെ റോഡ് സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനം ഊർജ്ജിത ശ്രമങ്ങൾ നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

