തലശ്ശേരി: എതിർക്കുന്നവരെയും ചേർത്തു നിർത്തുന്നതാണ് കോൺഗ്രസിന്റെ നിലപാടെന്ന് രമ്യാ ഹരിദാസ് എംപി. സിപിഎമ്മിനെ നിരോധിക്കണമെന്ന് കേന്ദ്രസർക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും എപ്പോഴെങ്കിലും തീരുമാനിച്ചാൽ അതിനെതിരെ ആദ്യം പ്രതികരിക്കുന്നത് രാഹുൽ ഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസുമായിരിക്കുമെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കി. കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ചമ്പാട് അരയാക്കൂലിലെ ചോതാവൂർ ഹയർസെക്കണ്ടറി സ്‌കൂൾ പരിസരത്ത് സംഘടിപ്പിച്ച ഇന്ദിരാജി അനുസ്മരണ യോഗവും പ്രവർത്തന കൺവെൻഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ പ്രസ്ഥാനമാണ് കോൺഗ്രസ്. രാജ്യത്തിനുവേണ്ടിയാണ് ഇന്ദിരാ പ്രിയദർശിനിയും രാജീവ് ഗാന്ധിയും ജീവൻ ബലിയർപ്പിച്ചത്. നിരവധി സ്വാതന്ത്ര സമര സേനാനികൾ രാജ്യത്തിന് വേണ്ടി ജീവൻ നൽകിയവരാണെന്നും രമ്യാ ഹരിദാസ് പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് വി സി പ്രസാദ്, കെപിസിസി മെമ്പർ വി രാധാകൃഷ്ണൻ മാസ്റ്റർ, വി എൻ ജയരാജ്, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റ് കെ പി സാജു, അഡ്വ. സി വി അരുൺ, എൻ കെ പ്രേമൻ, വി ദിവാകരൻ മാസ്റ്റർ, പി ഭരതൻ, സി പി പ്രസിൽബാബു, കെ എം പവിത്രൻ മാസ്റ്റർ, ടി പി വസന്ത, സന്ദീപ് കെ എം, പി ദിനേശൻ, എം ഉദയൻ, എം പി പ്രമോദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

