‘ഇതു പോലുള്ള ചിത്രങ്ങള്‍ 50 വര്‍ഷത്തിലൊരിക്കലേ സംഭവിക്കൂ’; ഋഷഭ് ഷെട്ടിക്ക് സമ്മാനവുമായി രജനികാന്ത്

ചെന്നൈ: കാന്താര എന്ന കന്നഡ ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമാരംഗത്തെ പ്രമുഖരെല്ലാം ഇതിനോടകം കാന്താരയെ അഭിനന്ദിച്ചുകഴിഞ്ഞു. ഇപ്പോഴിതാ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടിക്ക് ഒരു സ്വര്‍ണ ചെയിന്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ്.

കാന്താര പോലുള്ള ചിത്രങ്ങള്‍ 50 വര്‍ഷത്തിലൊരിക്കലേ സംഭവിക്കൂ എന്നാണ് രജനി പറഞ്ഞത്. ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍ പീസ് എന്നായിരുന്നു കാന്താരയെ സ്‌റ്റൈല്‍ മന്നന്‍ നേരത്തെ വിശേഷിപ്പിച്ചത്. ‘അജ്ഞാതമായത് അറിയാവുന്നതിനെക്കാള്‍ കൂടുതലാണ്…ഹോംബാലെ ഫിലിംസിന്റെ ‘കാന്താര’യേക്കാള്‍ നന്നായി സിനിമയില്‍ ഇത് പറയാന്‍ മറ്റാര്‍ക്കും കഴിയുമായിരുന്നില്ല. എഴുത്തുകാരന്‍, സംവിധായകന്‍, അഭിനേതാവ് എന്നീ നിലകളില്‍ ഋഷഭ് താങ്കള്‍ക്ക് ഞാന്‍ ആശംസകള്‍ നേരുന്നു. ഇന്ത്യന്‍ സിനിമയിലെ ഈ മാസ്റ്റര്‍പീസിലെ മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍’ എന്നാണ് രജനി ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം, ‘നിങ്ങള്‍ ഒരിക്കല്‍ പ്രശംസിച്ചാല്‍ അതു 100 തവണ പ്രശംസിച്ചതിന് തുല്യമാണ് രജനീകാന്ത് സര്‍, ഞങ്ങള്‍ നിങ്ങളോട് എന്നും നന്ദിയുള്ളവരായിരിക്കും. ഞങ്ങളുടെ സിനിമ കാണുകയും ഞങ്ങളുടെ ചിത്രത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു..നന്ദി’ ഋഷഭ് കുറിച്ചു. 2022ല്‍ ഇതുവരെ പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നാണ് കാന്താര. കെജിഎഫ് 2, ആര്‍ആര്‍ആര്‍, പൊന്നിയിന്‍ സെല്‍വന്‍ I, വിക്രം, ബ്രഹ്മാസ്ത്ര, ഭൂല്‍ ഭുലയ്യ 2 എന്നിവയ്ക്ക് പിന്നില്‍ ഏഴാമതാണ് കാന്താര.