‘മുളയിലെ നുള്ളുന്നതാണ് നല്ലത്’; ശബരിമലയില്‍ പോലീസുകാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തിനെതിരെ കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് സുപ്രീം കോടതി വിധി പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് തീര്‍ത്ഥാടനം അനുവദിച്ചിട്ടുണ്ടെന്ന് പൊലീസുകാര്‍ക്ക് നിര്‍ദ്ദേശത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്.

‘വിശ്വാസികള്‍ ഒരിക്കല്‍ തിരുത്തിച്ചതാണ്. വീണ്ടും അവിവേകത്തിന് മുതിര്‍ന്നാല്‍ പഴയതൊന്നും ഓര്‍മ്മിപ്പിക്കരുത്’- സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശബരിമലയില്‍ പൊലീസിന് നല്‍കിയ വിവാദ നിര്‍ദേശം കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്താണെങ്കിലും, അത് മുളയിലെ നുള്ളുന്നതാണ് നല്ലതെന്നും അദ്ദേഹം കൊച്ചിയില്‍ പ്രതികരിച്ചു.

അതേസമയം, ശബരിമലയില്‍ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്കായാണ് നിര്‍ദേശങ്ങള്‍ അടങ്ങിയ കൈപ്പുസ്തകം നല്‍കിയിട്ടുള്ളത്. സുപ്രീം കോടതിയുടെ വിധി ന്യായ പ്രകാരം എല്ലാ തീര്‍ത്ഥാടകര്‍ക്കും ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ടെന്ന് ഇതിലെ ഒന്നാമത്തെ നിര്‍ദേശമായാണ് നല്‍കിയിരിക്കുന്നത്. ഇതിനെതിരെയാണ് ബിജെപി രംഗത്ത് വന്നിട്ടുള്ളത്. ഡ്യൂട്ടിയില്‍ ഉള്ള പൊലീസുകാര്‍ എല്ലാം ആചാരങ്ങള്‍ പാലിക്കണം എന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ ബി. കൃഷ്ണകുമാര്‍, അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസര്‍ ആര്‍. വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സന്നിധാനത്ത് പൊലീസ് സേന സേവനം അനുഷ്ഠിക്കുക. സന്നിധാനത്തും പരിസരത്തുമായി 1250 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. 980 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, 12 ഡിവൈഎസ്പിമാര്‍, 110 എസ്ഐ/എഎസ്ഐമാര്‍, 30 സിഐമാര്‍ എന്നിവരടങ്ങിയ സംഘമാണ് സുരക്ഷാചുമതലയേറ്റത്. കേരള പൊലീസിന്റെ കമാന്‍ഡോ വിഭാഗം, സ്‌പെഷ്യല്‍ ബ്രാഞ്ച്, ടെലി കമ്യൂണിക്കേഷന്‍ വിഭാഗം, ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ വിവിധ സ്ഥലങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്.