തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറാന്‍ സന്നദ്ധതയറിയിച്ച് രാഹുല്‍ ഗാന്ധിക്ക് കെ. സുധാകരന്റെ കത്ത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്തെഴുതിയിരിക്കുന്നത്. കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശനില്‍ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും സുധാകരന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. താന്‍ സ്ഥാനമൊഴിഞ്ഞാല്‍ പകരം ചെറുപ്പക്കാര്‍ക്ക് അധ്യക്ഷ പദവി നല്‍കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു.
സുധാകരന്‍ ഈയിടെയായി നടത്തുന്ന പ്രസ്താവനകളില്‍ കടുത്ത അതൃപ്തിയാണ് കോണ്‍ഗ്രസിലും യുഡിഎഫ് ഘടകകക്ഷികളിലുമുള്ളത്. ഹൈക്കമാന്റിന് ഇതിനോടകം സുധാകരനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനയിലെ ന്യായീകരണം വിശ്വസിക്കാന്‍ നേതാക്കളില്‍ ഒരു വിഭാഗം തയ്യാറായിരുന്നില്ല. വര്‍ഗീയതയോട് നെഹ്‌റു സന്ധി ചെയ്തുവെന്ന പ്രസ്താവന കൂടി വന്നതോടെ പാര്‍ട്ടിക്ക് അതൃപ്തി വര്‍ധിച്ചു. വിവാദ പ്രസ്താവനകളില്‍ ലീഗടക്കമുള്ള ഘടകകക്ഷികള്‍ കടുത്ത പ്രതിഷേധത്തിലാണ്.
അതേസമയം, കെ സുധാകരന്റെ പ്രസ്താവനകള്‍ ഗൗരവതരമാണെന്നും കോണ്‍ഗ്രസ് പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മാധ്യമങ്ങളെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍, വിവാദ പ്രസ്താവന നാക്കുപിഴയാണെന്നാണ് സുധാകരന്‍ പറഞ്ഞത്.

