തിരുവനന്തപുരം: ഗവർണർ പദവി റബർ സ്റ്റാമ്പല്ലെന്ന് തമിഴ്നാട് ഗവർണർ ആർ എൻ രവി. ലോകായുക്ത നടത്തിയ ലോകായുക്താ ദിനാചരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള നിയമമന്ത്രി പി. രാജീവിനെ വേദിയിലിരുത്തിയായിരുന്നു തമിഴ്നാട് ഗവർണർ ഇത്തരമൊരു പരാമർശം നടത്തിയത്.
ലോകായുക്ത പോലുള്ള സംവിധാനം തകരാതിരിക്കാൻ ഗവർണർ ഇടപെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ബിൽ ഒപ്പിടാതിരിക്കണമെങ്കിൽ അതിന് ചില കാരണങ്ങളുണ്ട്. സുപ്രീംകോടതി അത് വ്യക്തമാക്കിയതാണ്. ലോകായുക്ത പോലെയുള്ള സംവിധാനങ്ങൾ തകരാതെ നോക്കേണ്ടത് ഗവർണർ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്നും തമിഴ്നാട് ഗവർണർ പറഞ്ഞു.
തമിഴ്നാട് ഗവർണറെ പങ്കെടുപ്പിച്ചാണ് സംസ്ഥാന സർക്കാർ ലോകായുക്ത ദിനാചരണം നടത്തിയത്. സിപിഎമ്മും മുന്നണിയും കേരളാ ഗവർണർക്കെതിരേ ഉന്നയിക്കുന്നതിന് സമാന ആരോപണങ്ങൾ തമിഴ്നാട് സർക്കാർ ഗവർണർ ആർ എൻ രവിക്കെതിരെ ഉന്നയിക്കുന്നുണ്ട്. അതേസമയം, രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത ഡിഎംകെ പ്രതിനിധി തിരുച്ചി ശിവ എം പി കടുത്ത വിമർശനങ്ങളാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും ഗവർണർമാർക്കെതിരെ ഉന്നയിച്ചത്.

