തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ചതായി പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് കണ്ടെത്തി ക്രൈംബ്രാഞ്ച്. വ്യാജരേഖ ചമച്ചതിന് സംഭവത്തിൽ കേസെടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച റിപ്പോർട്ട് എസ്.പി ഉടൻ ഡിജിപിയ്ക്ക് റിപ്പോർട്ട് നൽകും.
നിലവിൽ കേസുമായി ബന്ധപ്പെട്ട് മേയറുടെയും ആനാവൂർ നാഗപ്പന്റെയും മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. ശാസ്ത്രീയാന്വേഷണം നടത്തിയിരുന്നില്ല. തന്റെ ലെറ്റർപാട് തിരുത്തി വ്യാജമായി ഉണ്ടാക്കിയ കത്താണ് പുറത്തുവന്നതെന്നാണ് നേരത്തെ മേയർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. കത്ത് ലഭിച്ചിട്ടില്ലെന്ന് ആനാവൂർ നാഗപ്പനും മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിൽ യഥാർത്ഥ കത്ത് കണ്ടെത്തിയില്ല. സ്ക്രീൻഷോട്ട് പകർപ്പ് മാത്രമാണ് ക്രൈംബ്രാഞ്ചിന് കാണാനായത്. ഫോറൻസിക് പരിശോധന നടത്തി യഥാർത്ഥ കത്ത് കണ്ടെത്താൻ കേസെടുക്കണമെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.

