ന്യൂഡൽഹി: കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമപരം ആണോ എന്ന കാര്യത്തിൽ പ്രതികരിക്കാൻ ഇല്ലെന്നും എന്തും ചെയ്യാൻ സർക്കാരിന് സ്വാതന്ത്ര്യം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾ എല്ലാം റിപ്പോർട്ട് ചെയ്യുമ്പോൾ സർക്കാരെന്തിന് ബുദ്ധിമുട്ടുന്നുവെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, തന്നെയാണ് ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നതെങ്കിൽ താൻ തന്നെ അതിന്റെ വിധികർത്താവാകില്ലെന്ന് ഗവർണർ നേരത്തെ പറഞ്ഞിരുന്നു. നിയമപരമായി നീങ്ങാനാണ് സർക്കാരിന്റെ തീരുമാനമെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഓർഡിനൻസ് കണ്ട ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു. പതിനാല് സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റിക്കൊണ്ടുള്ള ഓർഡിനൻസ് കഴിഞ്ഞ ദിവസമാണ് സർക്കാർ രാജ്ഭവനിലേക്ക് അയച്ചത്. മന്ത്രിസഭാ യോഗത്തിലാണ് സർക്കാർ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
അതേസമയം,ഓർഡിനൻസ് വന്നാൽ രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണർ നേരത്തെ പറഞ്ഞിരുന്നു. ഭരണഘടനാപരമായ കാര്യങ്ങൾ മാത്രമേ നിയമമാകൂവെന്നും നിയമവിരുദ്ധ നടപടി അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

