തിരുവനന്തപുരം: ബിജെപിക്കെതിരെ വിമർശനവുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ്. തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ ബിജെപിയുടെ അജൻഡ തുറന്നു കാണിക്കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. കോർപ്പറേഷനും മേയർക്കുമെതിരായ കള്ളപ്രചാരണങ്ങൾ തുറന്നുകാണിക്കണമെന്നാണ് സെക്രട്ടേറിയറ്റ് യോഗം ഉന്നയിക്കുന്ന ആവശ്യം.
മേയർ ആര്യാ രാജേന്ദ്രൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും നടത്തുന്ന സമരത്തെ നേരിടാൻ ബദൽ പ്രചാരണം നടത്താനും യോഗത്തിൽ തീരുമാനമായി. എൽഡിഎഫിന്റെ രാജ്ഭവൻ ധർണയ്ക്ക് ശേഷം പ്രചാരണ പരിപാടി തീരുമാനിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
വിഷയത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേയർ ആര്യാ രാജേന്ദ്രന്റെയും പാർലമന്ററി പാർട്ടി നേതാവ് ഡി ആർ അനിലിന്റെയും കത്തുകൾ പരിശോധിക്കാനാണ് വിജിലൻസിന്റെ തീരുമാനം. സംഭവത്തിൽ അഴിമതിയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും വിജിലൻസ് അറിയിച്ചു.
കത്തിന്റെ ആധികാരികതയും വിജിലൻസ് പരിശോധിക്കും. അതേസമയം ആരോപണത്തിൽ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

