രാജീവ് ഗാന്ധി വധക്കേസ്; ആറു പ്രതികളും ജയിൽമോചിതരായി

ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ നളിനി ഉൾപ്പെടെയുള്ള ആറ് പ്രതികളും ജയിൽ മോചിതരായി. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന നളിനി, നളിനിയുടെ ഭർത്താവ് ശ്രീഹരൻ എന്ന മുരുകൻ, ടി. സുധീന്ദ്ര രാജ എന്ന ശാന്തൻ, ജയകുമാർ, ജയകുമാറിന്റെ ബന്ധു റോബർട്ട് പയസ്, പി. രവിചന്ദ്രൻ എന്നിവരെയാണ് വിട്ടയച്ചത്. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ച് സുപ്രീംകോടതി ഇവരെ മോചിപ്പിക്കാൻ ഉത്തരവിട്ടിരുന്നു.

സുപ്രീം കോടതിയുടെ ഉത്തരവിന്റെ പകർപ്പുകൾ വെല്ലൂർ, പുഴൽ എന്നീ ജയിലുകളിൽ ലഭിച്ചതോടെ ഇവരെ വിട്ടയക്കുകയായിരുന്നു. 31 വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് ഇവർക്ക് മോചനം ലഭിക്കുന്നത്.

അതേസമയം, കേസിലെ മറ്റൊരു പ്രതിയായിരുന്ന പേരറിവാളനെ അടുത്തിടെ മോചിപ്പിച്ചിരുന്നു.

പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത് മെയ് 18 നാണ്. ഇതിന് പിന്നാലെ പ്രതികളായ നളിനി ശ്രീഹരനും പി രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയിൽ മോചന ഹർജി നൽയിരുന്നെങ്കിലും കോടതി അത് തള്ളി. ആർട്ടിക്കിൾ 142 ന്റെ പ്രത്യേകാധികാരം ഉപയോഗിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതി പറഞ്ഞത്. പ്രതികൾക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. 1991 മെയ് 21 -ന് രാത്രിയായിരുന്നു സംഭവം.