സ്വകാര്യവല്‍ക്കരണം എല്‍.ഡി.എഫ് നയമല്ല; ബിജു പ്രഭാകറിന്റേത് അച്ചടക്കലംഘനമെന്നും കാനം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സി.എം.ഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. സ്വകാര്യവല്‍ക്കരണം എല്‍.ഡി.എഫ് നയമല്ലെന്നും കാനം വ്യക്തമാക്കി.

‘കേന്ദ്രത്തിന്റെ സ്വകാര്യവത്കരണ നയങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ് സമരംചെയ്തുകൊണ്ടിരിക്കുകയാണ്. ബി.എം.എസ്. പോലും സ്വകാര്യവല്‍കരണ നയത്തിന് എതിരായ നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ഒരു ഉദ്യോഗസ്ഥന്‍ അതിനെ സ്വാഗതം ചെയ്യുകയും സ്വകാര്യവല്‍കരണം മാത്രമേ പരിഹാരമുള്ളൂ എന്ന് പറഞ്ഞതും മിനിമം ഭാഷയില്‍ അച്ചടക്കലംഘനമാണ്. ബിജു പ്രഭാകറിനെ മാറ്റേണ്ടകാര്യം സര്‍ക്കാര്‍ തീരുമാനിക്കേണ്ടതാണ്. സര്‍ക്കാരിനോട് പറയുകയല്ലാതെ മന്ത്രിക്ക് നിവേദനം കൊടുക്കാനൊന്നും തയ്യാറല്ല. ഞങ്ങളുടെ നിലപാട് സര്‍ക്കാരിനെ അറിയിക്കും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പൊതുഗതാഗതം ശക്തിപ്പെടുത്തുന്ന നിലപാടല്ല കേന്ദ്രത്തിനും സംസ്ഥാനത്തിനമുള്ളതെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ബി.എം.എസ്. സംഘടനയായ കെ.എസ്.ടി.എ. സംഘിന്റെ 22-ാം സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവെ ബിജു പ്രഭാകര്‍ ഐ.എ.എസ്. പറഞ്ഞിരുന്നു. 20 ലക്ഷം ആളുകളെകൊണ്ടുപോകുന്ന പൊതുഗതാഗതത്തിന് ഒരു പന്തുണയില്ലെന്നും മെട്രോ നടപ്പാക്കാന്‍ വേണ്ടി മാത്രമാണ് ചര്‍ച്ചയെന്നും അദ്ദേഹം പരാമര്‍ശിച്ചിരുന്നു.