തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആർഎസ്എസ് സംരക്ഷണ പ്രസ്താവനയിൽ പ്രതികരണവുമായി മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിഷയത്തിൽ വിശദീകരണം നൽകേണ്ടത് കോൺഗ്രസാണെന്നും ലീഗ് ഇക്കാര്യം വിശദമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ഗവർണർക്കെതിരായ ഓർഡിനൻസ് മുസ്ലിം ലീഗ് ചർച്ച ചെയ്യും. ഗവർണർമാർ, ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിൽ പ്രശ്നം ഉണ്ടാക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂണിവേഴ്സിറ്റി നിയമനങ്ങളിൽ പ്രശനങ്ങൾ ഉണ്ടെന്നത് സത്യമാണ്. രാഷ്ട്രീയ നിയമനങ്ങൾ ഒരുപാട് നടക്കുന്നുണ്ടെന്നും കേരളത്തിലെ സ്ഥിതിവിശേഷം നോക്കിയാൽ എതിർക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വി ഡി സതീശൻ പറയുന്നതിലും കാര്യമുണ്ടെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
ഹക്കിം ഫൈസിക്കെതിരായ നടപടിയുമായി ബന്ധപ്പെട്ട് സാദിഖലി തങ്ങളുമായി ചർച്ച നടത്തുമെന്ന് സമസ്ത അറിയിച്ചിട്ടുണ്ട്. ടെലഫോണിലൂടെ സംഭാഷണങ്ങൾ നടന്നിട്ടുണ്ട്. കൂടിയാലോചിക്കും എന്ന് പറഞ്ഞ വിഷയത്തിൽ മറ്റൊരു ചർച്ചയ്ക്കില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

