ടിവി ചാനലുകള്‍ ദിവസവും 30 മിനിറ്റ് ദേശീയ താല്‍പ്പര്യമുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യണമെന്ന് കേന്ദ്രം

രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ക്കുള്ള അപ്ലിങ്ക്, ഡൗണ്‍ലിങ്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍-2022 അനുസരിച്ച് ദേശീയതാല്‍പ്പര്യമുള്ള പരിപാടികള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യേണ്ടത് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. നവംബര്‍ 9 മുതല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.

എല്ലാ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും പൊതു താല്‍പ്പര്യവും ദേശീയ താല്‍പ്പര്യവും ഉള്ളടക്കം വരുന്ന പരിപാടികള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യണം. ഉള്ളടക്കം സൃഷ്ടിക്കുന്നതിന് ചാനലുകള്‍ക്ക് എട്ട് ഉള്ളടക്കങ്ങള്‍ നല്‍കിയിട്ടുണ്ട്. പ്രക്ഷേപകരുമായും കൂടിയാലോചിച്ച ശേഷം, അത്തരം ഉള്ളടക്കം സംപ്രേഷണം ചെയ്യുന്നതിനുള്ള സമയ ക്രമവും. അത് നടപ്പിലാക്കുന്ന തിയതിയും സംബന്ധിച്ച് പ്രത്യേക ഉത്തരവ് ഉടന്‍ നല്‍കുമെന്ന് ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം സെക്രട്ടറി അപൂര്‍വ ചന്ദ്ര വ്യക്തമാക്കി.

അതേസമയം, നിര്‍ദ്ദേശം നടപ്പിലായാല്‍ അത്തരം ഉള്ളടക്കങ്ങള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നുണ്ടോ എന്നത് നിരീക്ഷിക്കുമെന്നും, ആരെങ്കിലും അത് ലംഘിച്ചാല്‍ വിശദീകരണം തേടുമെന്നും, എല്ലാ ചാനലുകള്‍ക്കും ഈ നിബന്ധന ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു.