നിയമന വിവാദം; മേയർ ആര്യാ രാജേന്ദ്രന് നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രന് നോട്ടീസ് അയച്ച് ഹൈക്കോടതി. നിയമന വിവാദവുമായി ബന്ധപ്പെട്ടാണ് മേയറിന് കോടതി കത്ത് നൽകിയത്. സർക്കാർ അടക്കമുള്ള എതിർ കക്ഷികൾക്കും നോട്ടീസ് നൽകാനാണ് ഹൈക്കോടതിയുടെ തീരുമാനം. ഹർജിയിന്മേൽ മേയർ അടക്കമുള്ള എതിർ കക്ഷികൾ വിശദീകരണം നൽകണമെന്ന് കോടതി വ്യക്തമാക്കി.

എൽഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിനും കോടതി നോട്ടീസ് അയക്കും. അതേസമയം, ഹർജി നവംബർ 25 ന് ഹൈക്കോടതി പരിഗണിക്കും.

തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ശ്രീകുമാറാണ് വിഷയത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഈ വിഷയത്തിൽ എന്തെങ്കിലും കേസ് എടുത്തിട്ടുണ്ടോ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. വിഷയത്തിൽ നിലവിലുള്ള പരിശോധന നടക്കുന്നുണ്ടെന്നും ഇപ്പോഴുള്ളത് ആരോപണമാണെന്നും അതിന് പിന്നിൽ രാഷ്ട്രീയമാണെന്നും സർക്കാർ കോടതിയിൽ വാദിച്ചു.

രണ്ട് വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങൾ കോർപ്പറേഷനിൽ നടന്നുവെന്നും ഹർജിയിൽ ആരോപിച്ചു. ജില്ലാ സെക്രട്ടറിക്ക് മേയർ കത്തയച്ചത് സ്വജനപക്ഷപാതമാണ്. മേയറുടെ ഭാഗത്ത് നിന്നും സത്യപ്രതിജ്ഞാ ലംഘനം നടന്നുവെന്നുവെന്നും ഹർജിയിൽ പറയുന്നു.