ഐപിഎല്‍ താരലേലം ഡിസംബറില്‍ കൊച്ചിയില്‍

ഡല്‍ഹി: അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള താരലേലം കൊച്ചിയില്‍ നടത്തുമെന്ന് ബി സി സി ഐ അറിയിച്ചു. ഡിസംബര്‍ 23നാണ് ലേലം നടക്കുക. താരലേലത്തിന് ആതിഥേയത്വം വഹിക്കുന്നതിനായി തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂള്‍, ബംഗളൂരു, ന്യൂഡല്‍ഹി, മുംബയ്, ഹൈദരാബാദ് എന്നിവിടങ്ങളും പരിഗണിച്ചിരുന്നെങ്കിലും അവസാനം കൊച്ചിയ്ക്ക് നറുക്ക് വീഴുകയായിരുന്നു.

2022ലെ സീസണിന് മുന്നോടിയായി മെഗാ താരലേലം നടന്നതിനാല്‍ ഇത്തവണ ഒറ്റദിവസം കൊണ്ട് അവസാനിക്കുന്ന മിനി ലേലമായിരിക്കും നടക്കുകയെന്ന് ബി സി സി ഐ വ്യക്തമാക്കി. ഓരോ ടീമിനും ഇത്തവണ ലേലത്തില്‍ അഞ്ച് കോടി രൂപ അധികമായി ചെലവഴിക്കുന്നതിന് ബി സി സി ഐ അനുമതി നല്‍കുന്നു.

നവംബര്‍ 15നകം കളിക്കാരുടെ പട്ടിക സമര്‍പ്പിക്കാന്‍ പത്ത് ഐ പി എല്‍ ഫ്രാഞ്ചൈസികളോട് ബി സി സി ഐ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, 2023 സീസണില്‍ ശമ്ബള പരിധി 90 കോടി രൂപയില്‍ നിന്ന് 95 കോടി രൂപയായി ഉയര്‍ത്താന്‍ സാദ്ധ്യതയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.