‘ഗന്ധദ ഗുഡി’യുടെ ടിക്കറ്റ് നിരക്ക് വന്‍തോതില്‍ കുറച്ച് നിര്‍മ്മാതാവ്

ബംഗളൂരു: അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാര്‍ അവസാനമായി അഭിനയിച്ച ‘ഗന്ധദ ഗുഡി’ തിയേറ്ററുകളില്‍ മികച്ച അഭിപ്രായമാണ് നേടുന്നത്. ചിത്രം ഒക്ടോബര്‍ 28-നാണ് തിയേറ്ററുകളിലെത്തിയത്. ശമികച്ച പ്രേക്ഷക പ്രശംസ നേടി ചിത്രം വിജയം തീര്‍ക്കുമ്‌ബോള്‍ സിനിമാ പ്രേമികള്‍ക്കും പുനീത് ആരാധകര്‍ക്കും ഒരു സമ്മാനവുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ ഭാര്യയും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ അശ്വിനി പുനീത് രാജ്കുമാര്‍.

സിനിമാ ടിക്കറ്റ് നിരക്ക് വന്‍തോതില്‍ കുറച്ചിരിക്കുകയാണ് നിര്‍മ്മാതാവ്. ട്വിറ്ററിലൂടെയാണ് ടിക്കറ്റ് നിരക്ക് കുറച്ച വിവരം അശ്വിനി പുനീത് രാജ്കുമാര്‍ ആരാധകരെ അറിയിച്ചിരിക്കുന്നത്. ‘ഗന്ധദ ഗുഡി എന്ന സിനിമ 7-11-2022 തിങ്കളാഴ്ച മുതല്‍ 10-11-2022 വ്യാഴാഴ്ച വരെ സിംഗിള്‍ സ്‌ക്രീന്‍ തിയറ്ററുകളില്‍ വെറും 56 രൂപയ്ക്കും മള്‍ട്ടിപ്ലക്സുകളില്‍ 112 രൂപയ്ക്കും പ്രദര്‍ശിപ്പിക്കണമെന്ന് ഞാന്‍ തീരുമാനിച്ചിരിക്കുന്നു’ എന്നാണ് ടിറ്ററില്‍ അശ്വിനി കുറിച്ചിരിക്കുന്നത്. ഹോംബാലെ ഫിലിംസ് അടക്കമുള്ള പ്രധാന നിര്‍മ്മാണ കമ്ബനികള്‍ ഈ തീരുമാനത്തെ പ്രശംസിച്ച് രംഗത്തു വന്നു. നേരത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഗന്ധദ ഗുഡിക്ക് നികുതി ഇളവും പ്രഖ്യാപിച്ചിരുന്നു.