മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർക്ക് വൈദ്യ പരിശോധന നിർബന്ധമാക്കാൻ തീരുമാനം. പ്രായമായവർക്കും ശാരീരിക അവശതകൾ ഉള്ളവർക്കും ആണ് പ്രധാനമായും പരിശോധന നടത്തുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം സേവാദൾ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ പാണ്ഡെ കുഴഞ്ഞ് വീണ് മരിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് മഹാരാഷ്ട്ര പി സി സി അധ്യക്ഷൻ അശോക് ചവാൻ അറിയിച്ചു. ഭാരത് ജോഡെ യാത്രയ്ക്കിടെ മുംബൈയിലായിരുന്നു സേവാദൾ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ പാണ്ഡെ കുഴഞ്ഞുവീണത്. യാത്രയിൽ പങ്കെടുക്കുകയായിരുന്ന കൃഷ്ണകുമാർ പാണ്ഡെ മാർച്ചിനിടെ കുഴഞ്ഞ വീണു. ഉടൻ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അതേസമയം, നാഗ്പൂരിൽ ആർ എസ് എസിനെ നേരിട്ട പ്രധാന കോൺഗ്രസ് നേതാവായിരുന്നു കൃഷ്ണകുമാർ പാണ്ഡെയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ വിയോഗം ഏറെ ദുഃഖകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അദ്ദേഹത്തിൻരെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. കൃഷ്ണകുമാർ പാണ്ഡെയുടെ മരണം കോൺഗ്രസിനാകെ സങ്കടകരമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

